MalayaliMates.com

Malayali Friendship website

Maratt.L.T

ആയിരത്തില്‍ ഒരുവന്‍ - തമിഴില്‍ മാറ്റത്തിന്‍റെ പുതിയമുഖം

കുറിക്കുന്നതിന് മുന്‍പ് മലയാളിയെകുറിച്ച് രണ്ട് മൂന്ന് കാര്യങ്ങള്‍ സൂചിപ്പിക്കാതിരിക്കാന്‍ കഴിയുന്നില്ല.ആയിരത്തില്‍ ഒരുവന്‍ കണ്ടിറങ്ങിയ മിക്ക മലയാളികളുടെ മുഖത്തും ഒരു പുച്ഛ ഭാവം,ഇതൊന്നും ഇഷ്ടപ്പെട്ടില്ല എന്നൊരു മട്ട് കാണാന്‍ കഴിഞ്ഞു.എനിക്ക് തോന്നുന്നു ഗ്ലാഡിയേറ്റര്‍,300,10000 ബി.സി,അപ്പോകാലിപ്റ്റോ മുതലായ സിനിമകളോടാവണം അവര്‍ ആയിരത്തില്‍ ഒരുവനെ താരതമ്യം ചെയ്തിട്ടുണ്ടാകുക.എന്തുകൊണ്ട് അവരാരും ഒരു മലയാള സിനിമയോട് താരതമ്യപ്പെടുത്തുന്നില്ല.ഉത്തരം ലളിതമാണ്.അത്തരത്തില്‍ പെടുന്ന ഒരു മലയാള ചിത്രവും ഇന്നേവരെ ഉണ്ടായിട്ടില്ല.മലയാളി പുച്ഛിക്കുകയല്ല ലജ്ജിക്കുകയാണ് വേണ്ടത് എന്നുകൂടി അധികമാകില്ലെങ്കില്‍ പറഞ്ഞുകൊള്ളട്ടെ.
പിതാമഹന്‍,പരുത്തിവീരന്‍,സുബ്രമണ്യപുരം തമിഴില്‍ കുറച്ചു വര്‍ഷങ്ങളായി വേറിട്ട നല്ല ചിത്രങ്ങള്‍ പിറന്നത് നമ്മള്‍ അസൂയയോടെ നോക്കി കണ്ടതാണ്.അടുത്തിറങ്ങിയ നാന്‍ കടവുള്‍,നാടോടികള്‍ എന്നിവയും ആ പാതയില്‍ സഞ്ചരിച്ചവ തന്നെ.
ഹോളിവുഡിനെ ഞെട്ടിക്കാന്‍ ഇതാ ഒരു ഇന്‍ഡ്യന്‍ സിനിമ-എന്ന പരസ്യ വാചകത്തോടെയാണ് ആയിരത്തില്‍ ഒരുവന്‍ തിയേറ്ററുകളില്‍ എത്തിയത്.സംവിധായകന്‍ പടത്തിനുവേണ്ടി എടുത്ത കഷ്ടപ്പാടുകളും ത്യാഗകഥകളും പരസ്യത്തില്‍ അക്കമിട്ട് വിസ്തരിച്ചതും കണ്ടിരുന്നു.അതൊന്നും കണ്ട് കണ്ണ് മഞ്ഞളിച്ചല്ല,കാതല്‍ കൊണ്ടേന്‍,7ജി റെയിന്‍ബോ കോളനി,യാരെടി നീ മോഹിനി(തിരക്കഥ)തുടങ്ങിയ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട കുറച്ചെങ്കിലും നല്ല സിനിമകളുടെ സംവിധായകനായ ശെല്‍വരാഘവന്‍റെ പേര് കൊണ്ട് മാത്രമാണ് ആയിരത്തില്‍ ഒരുവന്‍ കാണാന്‍ കയറിയത്.7ജി റെയിന്‍ബോ കോളനി എന്തുകൊണ്ടോ എന്നെ വളരെ സ്പര്‍ശിച്ച ചിത്രമായിരുന്നു.
പേരില്‍ തന്നെയുള്ള അഡ്വജര്‍ മൂഡ് ഒട്ടും ചോര്‍ന്നുപോകാതെ തന്നെയാണ് സിനിമ തുടങ്ങുന്നത്.രണ്ട് നായികമാരില്‍ ഒരുവളുടെ കാണാതായ അച്ഛനെ തേടിയുള്ള യാത്രയാണ് തുടക്കം.ചെന്നൈയില്‍ നിന്ന് രാജ്യത്തിന് പുറത്തുള്ള ലോകത്തേക്ക് കടല്‍ മാര്‍ഗമാണ് യാത്രാസംഘം തിരിക്കുന്നത്.മറ്റ് ചില ഗവേഷണ സംബന്ധിയായ കാര്യങ്ങളാണ് രണ്ടാമത്തെ നായികയുടെ സംഘത്തിനുള്ളത്.ഇവരുടെ സഹായി ആയിട്ടാണ് നായക കഥാപാത്രത്തിന്‍റെ വരവ്.സാധനങ്ങള്‍ എടുത്തുവെയ്ക്കുക,ചുമക്കുക,പണിക്കാരെ നിയന്ത്രിക്കുക തുടങ്ങിയതൊക്കെയാണ് പണികള്‍.നായകന്‍ തുടക്കത്തില്‍ ദുര്‍ബലനും പരിഹാസകഥാപാത്രവുമാണ്.പലപ്രതിബന്ധങ്ങള്‍ തരണം ചെയ്താണ് സംഘത്തിന്‍റെ യാത്ര.വെള്ളത്തില്‍ വെച്ചുള്ള ആക്രമണം,മണല്‍ ചുഴികള്‍,പാമ്പുകള്‍-ഇതൊക്കെ അവയില്‍പെടും.തരണം ചെയ്യുന്നതിനോടൊപ്പം സംഘബലവും ശോഷിച്ച് വരുന്നു.ഒരുഘട്ടത്തില്‍ നായകനും നായികമാരും മാത്രമാകുകയും ചെയ്യുന്നു.
ഇവിടം വരെ നമ്മള്‍ ഒരു സാധാരണ അഡ്വജര്‍ സിനിമ കാണുന്ന മൂഡിലാണെങ്കില്‍ വളരെ പെട്ടെന്ന് കഥയും ഗതിയും മാറുന്നു.അത് വളരെ വേഗത്തില്‍ ചിത്രത്തിലേക്ക് നമ്മെ പിടിച്ച് അടുപ്പിക്കുന്നു.രണ്ട് സമുദായക്കാര്‍ തമ്മിലുള്ള പകയും പകവീട്ടലുമാണ് പിന്നെ സിനിമ.ചതി സിനിമയുടെ മറ്റൊരു മുഖമാകുന്നു.അമ്പും വില്ലുമേന്തിയ കൂട്ടരും തോക്കും ബോംബുമേന്തിയ സംഘവും പോരാട്ടത്തിന്‍റെ അനന്തരഫലത്തോടെ സിനിമ അവസാനിക്കുന്നു.ആ ഫലം എന്താണെന്ന് പറയുന്നില്ല.
ഒരുപാട് പ്ലസ് പോയിന്‍റുകള്‍ എടുത്ത് പറയാനുണ്ട്.ശെല്‍വരാഘവന്‍റെ തിരക്കഥയും സംവിധാന മികവും തന്നെ ഏറ്റവും മുകളില്‍.കാരണം മൂന്നേകാല്‍ മണിക്കൂര്‍ ഒരു സിനിമ-അതും ഇത്ര ഗംഭീരമായി-തിരക്കഥയെ സമ്മദിച്ചേ പറ്റൂ.സിനിമ കണ്ടിറങ്ങിയപ്പോള്‍ പരസ്യവാചകങ്ങള്‍ ഒന്നുപ്പോലും തെറ്റായില്ല എന്നുതോന്നി,അതു സത്യം.ഇത് തീര്‍ച്ചയായും സംവിധായകന്‍ 5 വര്‍ഷം ഒഴുക്കിയ വിയര്‍പ്പിന്‍റെ വില തന്നെയാണ്.
ഇപ്പോള്‍ ഇറങ്ങിയ അവതാര്‍,2012 മുതലായ ചിത്രങ്ങളിലെ ഗ്രാഫിക്സ് വര്‍ക്കുകളോട് ഈ സിനിമയെ താരതമ്യം ചെയ്യുന്നത് പച്ചയായി പറഞ്ഞാല്‍ വളരെ നെറിക്കെട്ട,മോശമായ ഒരു ചിന്ത തന്നെയാകും.കാരണം 200ല്‍ പരം കോടികള്‍ മുടക്കി എടുത്തതാണ് അവതാര്‍,2012 മുതലായ ചിത്രങ്ങള്‍.ആയിരത്തിലൊരുവന്‍റെ ആകെ ചിലവ് 40 കോടിയില്‍ താഴെയാണ്.എന്നിട്ടും ഗ്രാഫിക്സ് വര്‍ക്കുകള്‍ നല്ലൊരു പരിധിവരെ പെര്‍ഫെക്ടായിരുന്നു എന്ന് പറയാതെ വയ്യ.കാലവും യുദ്ധവുമൊക്കെ ചിത്രീകരിച്ചത് ഒറിജിനാലിറ്റി ഒട്ടും ചോര്‍ന്നു പോകാതെ വളരെ ശ്രദ്ധിച്ചാണ്.എടുത്ത് പറയേണ്ട ഒരു സീന്‍ ഉണ്ട്.സിനിമയില്‍ ഭീമാകാരനായ ഒരാള്‍ ഒരു വലിയ ഗോളം അതിനു തുടര്‍ച്ചയായിട്ടുള്ള ചങ്ങലയില്‍ പിടിച്ച് ചുഴറ്റി നായകനു നേരെ എറിയുന്നുണ്ട്.നായകന്‍ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതും പ്രതികരിക്കുന്നതുമായിട്ടുള്ള സീനുകളുടെ മിക്സിങ് നല്ലൊരു വര്‍ക്കാണ്.
വസ്ത്രാലങ്കാരം,സെറ്റുകള്‍,ലൊക്കേഷന്‍-തമിഴ് സിനിമയില്‍ ഇന്നുവരെ പരീക്ഷിക്കാത്ത പലതും കാണാന്‍ കഴിയുമായിരുന്നു.ഇത്തരത്തിലുള്ള ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്ന വേഷവിധാനങ്ങള്‍ തന്നെയാണ് പലയിടത്തുമെങ്കിലും കാഴ്ചയ്ക്ക് നല്ലൊരു അനുഭൂതിയായി അത് മാറി.അതുപോലെ ലൊക്കേഷനുകളും.
പരുത്തിവീരന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ തന്‍റെ വരവറിയിച്ച നടനാണ് കാര്‍ത്തി.രണ്ടാമത്തെ ചിത്രത്തില്‍ കലര്‍പ്പില്ലാത്ത അഭിനയമാണ് കാര്‍ത്തി ചെയ്തത്.ആദ്യ പകുതിയില്‍ സിനിമയില്‍ നായകനെന്തിന് എന്നൊരു തോന്നല്‍ ഉണ്ടാകുമെങ്കിലും അവസാനത്തോടടുക്കുമ്പോള്‍ അത് മാറി കിട്ടും.കാര്‍ത്തിക്ക് എന്തായാലും നൂറില്‍ നൂറാണ് മാര്‍ക്ക്.
നായികാ പ്രാധാന്യമുള്ള ചിത്രമാണ്,തീര്‍ച്ചയായും.റീമാസെന്‍,ആന്‍ഡ്രിയയുമാണ് നായികമാര്‍.ശെല്‍വരാഘവന്‍ ചിത്രങ്ങള്‍ പൊതുവേ നായികാ പ്രാധാന്യമുള്ളവയാണല്ലോ.എങ്കിലും ഇതിലെ നായികാ കഥാപാത്രങ്ങള്‍ക്ക് തിരക്കഥയിലെ കരുത്ത് പൂര്‍ണ്ണമായും പകര്‍ന്നാടാന്‍ കഴിഞ്ഞോ എന്ന് സംശയമുണ്ട്.ഗ്ലാമര്‍ പ്രദര്‍ശനം അത്രക്ക് ഇല്ലെങ്കിലും ഒട്ടും വേണ്ടായിരുന്നു.അത് സിനിമയുടെ ഗ്ലാമര്‍ കുറക്കണുണ്ട്.
സിനിമയുടെ അവസാനത്തില്‍ എത്തുന്ന പാര്‍ഥിപന്‍റെ കഥാപാത്രം പറയാതെ പോകാന്‍ പറ്റില്ല.പാര്‍ഥിപന് ലഭിച്ച മികച്ചൊരു കഥാപാത്രമാണിത്.വളരെ ഹൃദയഹാരിയായ ഒരു സീന്‍ ഉണ്ടായിരുന്നു.ചതിയറിഞ്ഞ് മലമുകളില്‍ നില്‍ക്കുന്ന പാര്‍ഥിപന്‍.ആ ഒറ്റ ഷോട്ടില്‍ അയാള്‍ കഥാപാത്രത്തിന്‍റെ എല്ലാ വികാരങ്ങളും അറിയിക്കണുണ്ടായിരുന്നു.
ക്യാമറയും പശ്ചാത്തനല സംഗീതവും മികച്ച നിലവാരം പുലര്‍ത്തി.പലസീനുകളിലും പശ്‍ചാത്തല സംഗീതമാണ് നമ്മളോട് സംവദിച്ചത്.
നല്ല മധുരമുള്ള അടപ്രഥമനിലെ ചില്ല കല്ലുകടികള്‍കൂടി പറഞ്ഞിടട്ടെ.സിനിമയിലെ ആദ്യത്തെ രണ്ട് പാട്ടുകള്‍ സിനിമയ്ക്ക് ഒട്ടും രുചിക്കുന്നതായിരുന്നില്ല.സിറ്റുവേഷന് ഒട്ടും യോജിക്കുന്നതായി തോന്നിയതുമില്ല.ഗ്രാഫിക്സില്‍ ചിലയിടങ്ങളില്‍ ന്യൂനതകള്‍ ഉണ്ടായിരുന്നു.അതുപോലെ റീമാസെന്നിന്‍റെ നായികാകഥാപാത്രത്തിന്‍റെ ഗ്ലാമറും ചില പ്രകടനങ്ങളും സിനിമയുടെ കാഴ്ചയുടെ സുഖം കുറക്കണുണ്ടായിരുന്നു.ചില ഡയലോഗുകളൊക്കെ ഉപയോഗിച്ചത് എന്തിനു വേണ്ടി എന്നും ആലോചിക്കുകയുണ്ടായി.
എങ്കിലും തമിഴ് സിനിമയുടെ മുഖം തന്നെ മാറുകയാണ്.ആയിരത്തില്‍ ഒരുവന്‍ ഇത്തരത്തിനുള്ള ആയിരം ചിത്രങ്ങളില്‍ ഒന്നു മാത്രമാണ്.ആയിരത്തില്‍ ഒരുവന്‍ കണ്ടിറങ്ങുന്ന മലയാളിക്ക് ഇനിയെങ്കിലും നാണമുണ്ടാകട്ടെ..ശെല്‍വരാഘവന് ആശംസകള്‍..

Tags: http://neelakuyil.blogspot.com

Add a Comment

You need to be a member of MalayaliMates.com to add comments!

Join MalayaliMates.com

ഷാഫി Comment by ഷാഫി on January 19, 2010 at 7:44pm
പൂര്‍ണ്ണമായും യോജിക്കുന്നു സുഹൃത്തെ .തമിഴ് സിനിമയെ തമിഴിനോടോ മലയാളത്തോടോ താരതമ്യം ചെയ്യുന്നത് വിട്ടു ഇംഗ്ലീഷ് നോടും ഫ്രഞ്ച് നോടും താരതമ്യം ചെയ്യുന്ന നമ്മുടെ ആള്‍ക്കാരുടെ പഴഞ്ചന്‍ സമ്പ്രദായം ....... ലജ്ജിക്കാം നമുക്ക് മലയാളികളുടെ ഈ സ്വഭാവമഹിമയെ കുറിച്ചോര്‍ത്തു .....

Music

Loading…

Badge

Loading…

© 2010   Created by Prashanth on Ning.   Create a Ning Network!

Badges  |  Report an Issue  |  Privacy  |  Terms of Service